New day,New beginning and New hopes

            ശുഭദിനം 



           ഓട്ടത്തിൽ മിടുക്കനായ ഒരു കുട്ടിയുണ്ടായിരുന്നു. അവൻ പങ്കെടുക്കുന്ന ഓട്ടമൽസരം നടക്കുകയാണ്. മുതിർന്നവരെ വരെ തോൽപിച്ചു തലയെടുപ്പോടെ നിന്ന കുട്ടി ഇനിയാരെങ്കിലും തന്നോടു മൽസരിക്കാനുണ്ടോ എന്നുറക്കെ ചോദിച്ചു. അവിടെയുണ്ടായിരുന്ന പ്രായമായ ഒരാൾ കൈ പൊക്കി. കുട്ടിക്കൊപ്പം മൽസരിച്ചോടാൻ അയാൾ രണ്ടുപേരെ നിർദേശിച്ചു. ഒരു അന്ധനും ഒരു വയോധികയുമായിരുന്നു അവർ. സകലരും അതുകണ്ട് അതിശയിച്ചു.


മൽസരം തുടങ്ങി. മറ്റു രണ്ടുപേരും ഓടിത്തുടങ്ങും മുൻപേ കുട്ടി ഫിനിഷ് ചെയ്തു. പക്ഷേ, അത്രയും നേരം നിറഞ്ഞ കയ്യടിയോടെ കുട്ടിയെ പ്രോൽസാഹിപ്പിച്ച ആരും ആരവം മുഴക്കിയില്ല. അതിൽ അതിശയം തോന്നിയ കുട്ടി ആരും കയ്യടിക്കാത്തതിനു കാരണം തിരക്കി. പ്രായമായ ആൾ മറുപടി പറഞ്ഞു: നീ അവർ രണ്ടു പേരുടെയും കൈപിടിച്ച് ഓടൂ. അവൻ അങ്ങനെ ചെയ്‌തു. അവർ ഒരുമിച്ച് ഓടിത്തീർത്തു. ആളുകൾ ഹർഷാരവം മുഴക്കി. 


കുട്ടിക്കു വീണ്ടും സംശയം – ഇവർ ആർക്കുവേണ്ടിയാണു കയ്യടിച്ചത്? ആരാണ് വിജയിച്ചത്? വൃദ്ധൻ പറഞ്ഞു: ഇതു വിജയിക്കുള്ള കയ്യടിയല്ല; നിനക്കുള്ള കയ്യടിയാണ്. ജയിക്കാൻ മാത്രമല്ല തോറ്റുകൊടുക്കാൻ കൂടി പഠിക്കേണ്ട കാലമാണിത്. ജയിക്കാൻ വേണ്ട പരിശ്രമത്തേക്കാൾ വലുതാണു തോറ്റുകൊടുക്കാൻ വേണ്ട മനസ്സാന്നിധ്യവും തോൽവിയെ അംഗീകരിക്കാൻ വേണ്ട വൈകാരിക പക്വതയും. നിലനിൽപിനു വേണ്ടി പോരാടുന്നവരെയല്ല തോൽപിക്കേണ്ടത്. എതിരാളികളെല്ലാം പോരാളികളുമാവുന്നില്ല.


മത്സരക്ഷമതയുള്ളവരുടെ കൂടെ സ്വന്തം വിജയത്തിനായി പോരാടുക. പ്രാപ്‌തിയില്ലാത്തവരുടെ കൂടെ അവരുടെ വിജയത്തിനായി പൊരുതുക. എല്ലാ മത്സരങ്ങളിലും വിജയിക്കുന്നതിനേക്കാൾ ശ്രേഷ്‌ഠമാണു ചില മത്സരങ്ങളിൽ മറ്റുള്ളവരെ ജയിക്കാൻ അനുവദിക്കുക എന്നത്. ജയിക്കുന്നവനല്ല ജേതാക്കളെ സൃഷ്‌ടിക്കുന്നവനാണു യഥാർത്ഥ ജേതാവ്. 

                   






Comments

Popular posts from this blog

First Weekly Report of Second Phase of School Interships

Cognitive Map